ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും

സാധാരണ ഒരു വിഷയത്തില്‍ രണ്‍ പോസ്റ്റ് പോയിട്ട് ഒരു പോസ്റ്റുപോലും ഇടാത്ത ഞാന്‍ ഇങ്ങനെയെഴുതുന്നത് വല്ല ഹിഡന്‍ അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് കാണണമെന്ന ഒരു പ്രത്യക്ഷ അജണ്ട ഉണ്ടെന്നാണു മറുപടി. ചോദിക്കേണ്ട പല ചോദ്യങ്ങളും ചോദിക്കാതിരിക്കുകയും, ആവശ്യമില്ലാത്ത ചോദ്യങ്ങളും ചര്‍ച്ചകളും നടത്തുകയുമാണ് വര്‍ത്തമാനകാല മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റയും ഒരു രീതി. അത് പ്രസക്തമായ ഈ വിഷയത്തിലും അങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ബ്ലോഗില്‍ പോലും, നടന്ന ചര്‍ച്ചകളില്‍, മറ്റാരോ ഉണ്ടാക്കിയിട്ട ഒരു അജണ്ടയിന്‍മേല്‍ ചര്‍ച്ച തുടങ്ങി, അതേ ട്രാക്കിലൂടെ പോകുന്ന ഒരു തോന്നല്‍. വേണ്ട പലകാര്യങ്ങളും ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണോ ഇത്തരം ഒരു വിവാദം എന്നൊരു തോന്നല്‍ പലരും പ്രകടപ്പിച്ചു കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനം ചെയ്തു കണ്ടില്ല.

പ്രശ്നത്തെ പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്ന് അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളൂ. കുട്ടികള്‍, ഇക്കാര്യം അവരുടേതായ റിസോഴ്സുകളില്‍ നിന്നും മനസ്സിലാക്കണം എന്നതാണ് പുതിയ രീതിയുടെ സ്വഭാവം. പുസ്തകങ്ങളേക്കാളും കുട്ടികള്‍ ആശ്രയിക്കേണ്ടത്, മാതാപിതാക്കളും, അദ്ധ്യാപകരും, മുതിര്‍ന്നപൌരന്‍മാരുമടങ്ങുന്ന റിസോഴ്സിനെയാണ്. അവിടെ പ്രധാന ചുമതല വഹിക്കേണ്ടത് അദ്ധ്യാപകരും. കുട്ടികളെ ഇത്തരം ഒരു രീതിയില്‍ അവരുടെ അപഗ്രഥനത്തിനുള്ള ശേഷിയെ തിരിച്ചറിയാനും, ചെറിയ നിഷ്പക്ഷമായ വിവരണങ്ങള്‍ നല്‍കാനും, കാര്യങ്ങളേയും കാരണങ്ങളേയും തിരിച്ചറിയാനും, വസ്തുതകള്‍ മനസ്സിലാക്കാനും സഹായിക്കേണ്ടതും, നാനാവിധത്തിലുള്ള കഴിവുകളെ അളന്ന് മാര്‍ക്കു കൊടുക്കേണ്ടതും അദ്ധ്യാപകനാണ്. ലഘുവിവരണങ്ങളും ചോദ്യങ്ങളും അടങ്ങിയ തീരെ ലളിതമായ പാഠപുസ്തകങ്ങള്‍ക്ക് പഠനത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. അവയുടെ അദ്ധ്യാപന വ്യാഖ്യാനത്തിനും, അദ്ധ്യാപനത്തിന്റെ ചുവടു പിടിച്ച് കുട്ടി നടത്തുന്ന അന്വേഷണങ്ങള്‍ക്കുമാണ് പ്രഥമസ്ഥാനം.

പാഠത്തെക്കാളും ഗുരുവാണ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്. ഇത്രയും പ്രൊഫഷനലായ, ഇത്രയും എഫേര്‍ട്ട് എടുക്കാന്‍ താത്പര്യമുള്ള ഗുരുജനങ്ങളിന്നുണ്ടോ ആവോ! ഉണ്ടെങ്കില്‍ത്തന്നെയും എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളിലും കാണുമോ? മാത്രമല്ല, തങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കുന്നതില്‍ അദ്ധ്യാപകര്‍ ഇതുവരെ ഉത്ഘണ്ഠയൊന്നും പ്രകടിപ്പിച്ചുകാണാത്തതുകൊണ്ട് അവര്‍ക്കു കാര്യം തന്നെ കൃത്യമായി മനസ്സിലായിട്ടില്ലന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍ അജണ്ട നടപ്പാക്കുന്നുണ്ടെങ്കില്‍ അതു അദ്ധ്യാപക സമൂഹത്തിലൂടെയായിരിക്കണം,പ്രത്യേകിച്ചും പ്രധാന അദ്ധ്യാപകസംഘടനകളൊക്കെ ഇടതാഭിമുഖ്യമുള്ളവരാവുമ്പോള്‍. പാഠപുസ്തകം മാറ്റിമറിക്കുന്നവരും, തിരിച്ചിടാന്‍ പറയുന്നവരും, യുക്തിയിലും സാമൂഹ്യവിമര്‍ശത്തിലും വിശ്വസിക്കുന്ന പൊതു സമൂഹത്തിനു മുമ്പില്‍ നാണം കെടുകയും ചെയ്യും. താന്‍ ചെയ്യുന്നതെന്തെന്നറിയാത്ത അദ്ധ്യാപക പ്രഭൃതികള്‍ അവരെ പഠിപ്പിച്ചതനുസരിച്ച് “വേണ്ടരീതി”യില്‍ പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്യും.കാരണം, ശരിയായ വിമര്‍ശനബോധനശാസ്ത്രരീതിയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് മതങ്ങളുടെ ഫ്യൂഡലിസ്റ്റ് കാഴ്ചപ്പാടുമാത്രമല്ല, കമ്യൂണിസ്റ്റുകളുടെ നിയോ ഫ്യൂഡലിസ്റ്റുകാഴ്ചപ്പാടും പഥ്യമാകാന്‍ യാതൊരു വഴിയുമില്ല. വേണ്ടത്ര തയ്യാറെപ്പോടുകൂടി ചെയ്തില്ലെങ്കില്‍ വിപരീതഫലമാകും വിമര്‍ശനാത്മക ബോധനരീതി കുട്ടികളിലുണ്ടാക്കുക. പ്രത്യേകിച്ചും, അദ്ധ്യാപകരടക്കമുള്ള മുതലമുറകള്‍ക്കുമുഴുവന്‍ ഇത്തരമൊരു രീതിയെ യാതൊരു പരിചയവുമില്ലാതിരിക്കുമ്പോള്‍!അതുകൊണ്ടു തന്നെ ഹിഡന്‍ അജണ്ട ഉണ്ട് എന്ന് പറയുന്നവരോട് അടികൂടേണ്ട കാര്യമൊന്നുമില്ല. അവര്‍ പറയുന്ന കാര്യങ്ങളിലൊന്നും ഹിഡന്‍ അജണ്ടയൊന്നുമില്ലെന്നുമാത്രം. ശരിയായ അജണ്ട വെളിയില്‍ വരാതിരിക്കാനായിരിക്കണം ഇങ്ങനെ ഒരു വിവാദം. പാഠഭാഗങ്ങളില്‍ ചെറിയമാറ്റങ്ങളും റെഫറന്‍സില്‍ ചെറിയ വ്യത്യാസങ്ങളും വരുത്തിയാല്‍ ഇവരൊക്കെ കടയടച്ച് വീട്ടില്‍ പോകേണ്ടി വരുമല്ലോ. ആത്യന്തികമായി നിരീശ്വരവാദം പ്രചരിപ്പിച്ചതുകൊണ്ടൊന്നുമല്ല കമ്യൂണിസ്റ്റുകാരനുണ്ടാവുന്നത്. യുക്തിയുപയോഗിച്ച് ചിന്തിക്കുകയും, വിമര്‍ശനബുദ്ധിയോടെ കാര്യങ്ങളെ നോക്കുകയും ചെയ്യുന്നവരൊന്നും കമ്യൂണിസ്റ്റ്കാരല്ല താനും. സത്യത്തില്‍ മതസ്ഥാപനങ്ങള്‍ക്കുണ്ടാവുന്നത്ര എതിര്‍പ്പ് ഇങ്ങനെയുള്ളവരോട് കമ്യൂണിസ്റ്റ്കാര്‍ക്കും ഉണ്ടാവും. അത്തരത്തില്‍, തങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു പാഠപുസ്തക പരിഷ്കരണം (തങ്ങള്‍ക്കും വലിയ യോജിപ്പൊന്നുമില്ലാത്ത)എതിര്‍കക്ഷികളെക്കൊണ്ട് തടഞ്ഞ് കാര്യങ്ങള്‍ നടത്തുകയും(തങ്ങള്‍ക്കു കൂടി ആവശ്യമുള്ള) പുണ്യാളന്‍ ചമഞ്ഞ് പൊതുസമൂഹത്തില്‍ മാന്യതനേടുകയുമല്ലെ ഇപ്പോ കമ്യൂണിസ്റ്റുകാര്‍ ഉദ്ദേശിക്കുന്നതെന്നും സംശയിക്കണം. പ്രത്യേകിച്ച് പ്രത്യക്ഷത്തില്‍ത്തന്നെ തല്ലാനുള്ള വടികൊടുക്കുക എന്ന കമ്യൂണിസ്റ്റിതര സ്വഭാവം കാണുമ്പോള്‍!

ഇതിനൊക്കെ ശേഷം എനിക്ക് മനസ്സിലാവാത്ത ഒരുകാര്യം, ഇപ്പോ ഏഴില്‍ പഠിക്കുന്ന കുട്ടികള്‍ ആറില്‍ ഏതു പുസ്തകമാ പഠിച്ചത്? ചോദിക്കാന്‍ കാരണം, ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ കൂടിനടക്കേണ്ട തുടര്‍പഠനം ഏഴില്‍ തുടങ്ങുന്നതിലുമില്ലെ അപാകത? പാഠപുസ്തക പരിഷ്കരണമൊക്കെ ആദ്യം പ്രൈമറിയില്‍, പിന്നെ അഞ്ചില്‍,പിന്നെ ആറില്‍ എന്നല്ലാതെ നടപ്പാക്കിയാല്‍ ഈ നടുവില്‍പ്പെട്ടുപോകുന്ന പൈതങ്ങള്‍ ഒരുതരത്തില്‍ ഡിസേബ്ള്ഡ് ആയിപ്പോകില്ലെ? അദ്ധ്യാപകര്‍ക്ക് ശരിക്ക് പരിശീലനം കിട്ടാത്തതിന്റെ പ്രശ്നങ്ങളും വിവാദങ്ങളും കൂടി അവര്‍തന്നെ അനുഭവിക്കേണ്ടിവരുമ്പോള്‍ ഇവരുടെ വിമര്‍ശനബോധവും യുക്തിബോധവും അളന്ന് പാഠ്യപദ്ധതിയെ വിലയിരുത്തി അതിനെ പെട്ടിയിലടച്ച് പൂട്ടാനുള്ള ഒരു തന്ത്രവും ഇവിടില്ലെ എന്നൊരു സംശയം! പിന്നെ പാഠപുസ്തകങ്ങളേക്കാള്‍ വിദ്യാലയവും സമൂഹവും കുട്ടിയുടെ സ്വത്വവത്കരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ ഫലപ്രദമായി ഉപയോഗിച്ചാല്‍, ഇപ്പറയുന്ന വിവാദങ്ങളൊക്കെ ഒരു വിവാദമേ അല്ലാതാവും. അദ്ധ്യാപകനിലൂടെയും, വിദ്യാലയനയങ്ങളിലൂടെയും സമൂഹത്തിന്റെ ഇടപെടലിലൂടെയും ഒക്കെ ഇത്തരത്തില്‍ പാഠപുസ്തകത്തിന്റെ ഉള്ളില്‍ ഉണ്ടെന്നു പറയുന്ന കമ്യൂണിസ്റ്റ് അജണ്ട ചെറുക്കാവുന്നതേ ഉള്ളൂ.

ഹിഡന്‍ അജണ്ട എന്നത്, അങ്ങനെ ഒന്നുണ്ട് എന്നറിയുന്നവനു പോലും പ്രത്യക്ഷത്തില്‍ ദൃശ്യമാവില്ല. തുറന്ന ഒരു മാധ്യമത്തിലും അതു ചര്‍ച്ചയ്ക്കുവരാന്‍ അതിനു പിന്നിലുള്ളവര്‍ സമ്മതിക്കുകയുമില്ല. അതുകൂടി കണക്കാക്കുമ്പോള്‍, ഇക്കാര്യത്തിലൂന്നിയ ഒരു ചര്‍ച്ചയായിരിക്കണം കൂടുതല്‍ ആവശ്യം. അദ്ധ്യാപകപരിശീലനത്തിന്റെ രീതികള്‍, സിലബസ് മാറ്റം(അതും ഇത്രയും ക്രിട്ടിക്കലായ ഒരുമാറ്റം) മുമ്പു നടന്നപ്പോള്‍ (നടന്നിട്ടുണ്ടെങ്കില്‍) നടപ്പാക്കിയതെങ്ങനെയായിരുന്നു, പഴയ പാഠപുസ്തകവും, അദ്ധ്യയനരിതിയും ഉപയോഗിച്ച് പഠിച്ചു വന്നവര്‍ക്ക് പുതിയ രീതി ഉള്‍ക്കൊള്ളാനാവുമോ(ഉവ്വാ, കുട്ടികള്‍ക്ക് ഒരു പ്രശ്നവുമില്ല, അദ്ധ്യാപകര്‍ എങ്ങനെ മിസ്സിങ്ങ് ബ്ലാങ്ക്സ് പൂരിപ്പിക്കും എന്നത്), അവര്‍ക്ക് താഴ്ന്ന ക്ലാസുകളില്‍ പുതിയ അദ്ധ്യയന രീതിയിലൂടെ കിട്ടേണ്ടിയിരുന്ന വിവരങ്ങള്‍ പാഠത്തിനാമുഖമായി ഒരു ചെറു വിവരണമെങ്കിലും കൊടുക്കാന്‍ ശ്രമമുണ്ടോ(ജന്‍മി കുടിയാന്‍ ബന്ധങ്ങളിലും മറ്റും അങ്ങനെ കാണും എന്നാണെന്റെ വിശ്വാസം, സ്വാതന്ത്ര്യ സമരത്തിന്റെ കാര്യത്തിലും)? അല്ലെങ്കിലിപ്പറയുന്ന എട്ട് അടിസ്ഥാന പ്രശ്നങ്ങളും അതിന്റേതായ രീതിയില്‍ മനസ്സിലാക്കാതെ ഒരു പാതി വെന്ത രീതിയില്‍ കുട്ടികള്‍ കുറച്ചു കാലം പഠിക്കട്ടെ എന്നതാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതായിരിക്കണം ഏതൊരു ചര്‍ച്ചാ ഉദ്യമവും എന്നാണ് എന്റെ വിശ്വാസം. അല്ലാതെ ആരോ പ്രീ ക്രാഫ്റ്റ് ചെയ്തെടുത്ത ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിച്ച് ചര്‍ച്ചിക്കാന്‍ നമ്മള്‍ “ചര്‍ച്ചാ തൊഴിലാളി” ഒന്നുമല്ലല്ലോ!വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന്റെ പ്രയോഗത്തെ യുക്തിയുടെയും വിമര്‍ശനത്തിന്റെയും കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയല്ലെ വേണ്ടത്? അങ്ങനെ മുന്‍നിശ്ചയ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ ശീലിച്ച നമ്മള്‍ പുതിയ ചോദ്യങ്ങളുയര്‍ത്തി, ഉത്തരം സ്വയം കണ്ടുപിടിക്കുന്ന പാഠ്യരീതിയുടെ രീതി ചര്‍ച്ചകളിലും കൊണ്ടുവരണം. പള്ളിയും,കോണ്‍ഗ്രസ്സും,കമ്യൂണിസ്റ്റും,നിരീശ്വരത്വവും എന്ന ലൈനിനു പകരം, പുതിയ രീതിയും ഭാവി തലമുറയും, അദ്ധ്യാപന സമൂഹവും എന്ന രിതിയില്‍ ചര്‍ച്ച നടക്കണം എന്നൊരഭിപ്രായം.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്…

Advertisements

5 Responses to “ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും”

 1. അടകോടന്‍ Says:

  വളരെ നല്ലനിരീക്ഷണം .എല്ലാവിധ ക്രിമിനല്‍ സ്വഭാവങളും സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു അതില്‍ മതമില്ലാത്തവനും മതമുള്ളവനും കണക്കാണ്. അതുകൊണ്ട് പാഠപുസ്തകത്തില്‍ ശാസ്ത്രത്തോടൊപ്പം സംസ്കാരവും പഠിപ്പിക്കട്ടെ അതില്‍ ‘മതമില്ലത്ത ജീവന്‍ ‘ പ്രത്യേകമായി പഠിപ്പിക്കേണ്ട ആവശ്യവുമില്ല, സാമൂഹ്യമായമാറ്റങള്‍ ക്കനുസരിച്ച് എല്ലായിടത്തും സ്വയം മാറ്റം വരും .

 2. അങ്കിള്‍ Says:

  🙂

 3. അങ്കിള്‍ Says:

  ജാതി ആവശ്യമില്ലെന്നു പഠിച്ചു വരുന്ന ജീവനോട് ജാതി പറഞ്ഞാലേ ആനുകൂല്യങ്ങള്‍ നല്‍കൂ എന്നു പറഞ്ഞാല്‍ അവനു ആശയകുഴപ്പം ഉണ്ടാകില്ലേ. മ്റ്റൊരിടത്ത് ഞാനിതവതരിപ്പിച്ചപ്പോള്‍, ഇത് രണ്ടും രണ്ടായിട്ട് കാണണമെന്നാണ് എന്നെ ഉപദേശിച്ചത്.

 4. Rajeeve Chelanat Says:

  “പ്രശ്നത്തെ പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്ന് അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളൂ“..അത്രയെങ്കിലും കണ്ടുവല്ലോ ജിന്‍സ്. നന്നായി. അജണ്ടയും വ്യക്തം.“ഹിഡന്‍ അജണ്ട എന്നത്, അങ്ങനെ ഒന്നുണ്ട് എന്നറിയുന്നവനു പോലും പ്രത്യക്ഷത്തില്‍ ദൃശ്യമാവില്ല“..അത് ദൃശ്യമാകാന്‍ പിന്നെയെന്താണ് സാര്‍ ഒരു വഴി. ഒന്നു പറഞ്ഞുതരൂ..

 5. jinsbond007 Says:

  അങ്കിളേ,ഈ പറഞ്ഞ പാഠം തന്നെ വേറൊരു രീതിയില്‍ പഠിപ്പിച്ചാല്‍ കുട്ടിയ്ക്ക് മനസ്സിലാവുന്നത് മതവും ജാതിയും ഒഴിവാക്കാനാവാത്തതാണെന്നാവും. അങ്ങനെയും വ്യാഖ്യാനിക്കാനും, കുട്ടി ചിന്തിച്ച് അങ്ങനെയെത്തിയാല്‍ തിരുത്താന്‍ പാടില്ലെന്നുമുള്ള ഒരു രീതി ഉപയോഗിച്ചാല്‍. പിന്നെ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആനുകൂല്യങ്ങള്‍ അവകാശമായി നല്‍കപ്പെട്ടതാണെങ്കിലും, അതു ഉപയോഗിക്കുന്നതിനു ഒരു മാനുഷിക വശം ഉണ്ടാക്കാന്‍ ഇത്തരം ഒരു പാഠം സഹായിച്ചാല്‍ നല്ലതല്ലെ? പട്ടികജാതി സംവരണം നേടിയ കുറെ കുട്ടികളെ എനിക്ക് നേരിട്ടറിയാവുന്നതു കൊണ്ടു പറഞ്ഞതാ. പിന്നെ രാജിവ്, ഹിഡന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ഒളിച്ചു വയ്ക്കപ്പെട്ടത് എന്നല്ലെ? വല്ലതും ഒളിച്ചു വയ്ക്കപ്പെട്ടിട്ടുണ്ട് എന്നു തറപ്പിച്ചു പറയാന്‍ ഞാന്‍ ത്രികാല ജ്ഞാന ഒന്നുമല്ല, എനിക്കു തോന്നിയ ഒരു വേര്‍ഷന്‍ എഴുതി എന്നുമാത്രം. പിന്നെ എന്തെങ്കിലും ഹിഡന്‍ അജണ്ട ഉണ്ട്/ഇല്ല എന്ന ഒരാരോപണം ഒരിക്കലൂം തെളിയിക്കാന്‍ കഴിയാത്ത ഒന്നാണ്. അതു പുറത്തു വരാനുള്ള ഒരേഒരു സാധ്യത അങ്ങനെ ചെയ്ത അരെങ്കിലും വ്യക്തമായി അങ്ങനെ സമ്മതിച്ച് വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ്. അവിടെപ്പോലും ആധികാരിതയെ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. ഒരു ഹിഡന്‍ അജണ്ട എന്നത് വെറും ഒരു ആരോപണമായി ഉന്നയിക്കാമെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. അജണ്ട എന്നത് ഒരു കാര്യപരിപാടി അല്ലെ, അതു മറച്ചു വെച്ചു നടത്തുമ്പോളല്ലെ ഹിഡന്‍ അജണ്ട ആവുന്നത്? എന്നു കരുതിയാണ് ഞാന്‍ എഴുതിയത്. മറച്ചു വച്ച് ഒരു കാര്യ പരിപാടി നടത്തുമ്പോള്‍, അത് എങ്ങനെ ഏത് രീതിയില്‍ നടത്തും? മറ്റുപലതിന്റെയും പേരില്‍. അത്തൊരമൊരു അജണ്ട തെളിയിക്കപ്പെടണമെങ്കില്‍, പരസ്യമായി ഇതു നടത്തപ്പെട്ടു എന്നു സംശയിക്കപ്പെട്ട കാര്യപരിപാടികളൊക്കെ വ്യക്തമായി ഹിഡന്‍ അജണ്ട എന്ന സാധനത്തിന്റെ ലക്ഷ്യങ്ങളാണ് അല്ലെങ്കില്‍ അതുമാത്രമാണ് നിറവേറ്റിയിരുന്നത് എന്നു തെളിയിക്കണം. അതു വളരെ ദുഷ്കരവൂം, എനിക്കറിയാവുന്നിടത്തോളം നടപ്പാക്കിയവരുടെ സഹായമില്ലാതെ തെളിയിക്കല്‍ അസാദ്ധ്യവുമാണ്. ഞാന്‍ എന്നെത്തന്നെ വിശദീകരിച്ചു എന്നു കരുതട്ടെ. പിന്നെ പഠിക്കുന്ന കുട്ടിയേക്കാളും എനിക്ക് സംശയം പഠിപ്പിക്കുന്നവരെപ്പറ്റിയാണ്. ഇന്നത്തെ ക്ലാസ് മുറികള്‍ ഞാന്‍ പഠിച്ച കാലത്തെയല്ല എന്നു ഞാന്‍ മനസ്സിലാക്കുന്നു. അതെങ്ങനെയായിരുന്നു എന്നു ഞാന്‍ തൊട്ടുമുമ്പത്തെ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. എന്റെ ആശയങ്ങള്‍ക്ക് വ്യക്തതയില്ലെങ്കില്‍ ഞാന്‍ തന്നെയാണുത്തരവാദി. പോയന്റ് ടു പോയന്റ് ക്ലിയര്‍ എന്ന രീതിയില്‍ ടെക്നിക്കല്‍ പേപ്പറായി എഴുതിയാല്‍ അതെന്റെ ഒരുപാടു സമയം കാര്‍ന്നുതിന്നും. അതിനാല്‍ ദയവായി ക്ഷമിക്കുക. ഒറ്റയിരുപ്പിന് എനിക്ക് മനസ്സില്‍ തോന്നിയതെല്ലാം എഴുതി, വീണ്ടും വ്യക്തമായി വായിച്ച് പോലും നോക്കാതെയാണ് ഞാനിത് പ്രസിദ്ധീകരിച്ചത്. അതിന്റെ തെറ്റും കുറ്റങ്ങളും പൊറുക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: