Archive for the ‘അഭിപ്രായങ്ങള്‍’ Category

ക്രിക്കറ്റ് കുടത്തിലെ ഭൂതം

May 13, 2010

ഐ പി എല്‍ ക്രിക്കറ്റ് മാമാങ്കത്തിലെ ചില ഉള്ളുകളികളെക്കുറിച്ച് malayal.am ന്യൂസ് പോര്‍ട്ടലിനു വേണ്ടി ഒരു പരമ്പര ഞാന്‍ തയ്യാറാക്കിയിരുന്നു.

നാലു ഭാഗങ്ങളുള്ള പരമ്പരയില്‍, ആദ്യം ഐ പി എല്‍ തുടങ്ങാനിടയായ സാഹചര്യവും, ബി.സി.സി.ഐ.യും, സുഭാഷ് ചന്ദ്രയുടെ സീ ടെലിഫിലിംസും തമ്മില്‍ നടന്ന പ്രശ്നങ്ങളുമൊക്കെയാണ് വിഷയമാക്കിയത്.

പിന്നെ രണ്ടും മൂന്നും ഭാഗങ്ങളില്‍, വിവിധ ടീമുകളുടെ സാമ്പത്തിക വിവരങ്ങളും, കളത്തിനകത്തും പുറത്തും അവര്‍ പുറത്തെടുത്ത തന്ത്രങ്ങളുമാണ് അവലോകനം നടത്തിയത്. ക്രിക്കറ്റ് എന്ന ജനകീയ കായിക വിനോദത്തെ, എക്സ്ക്ലൂസിവിറ്റിയുടെ ഉപരിവര്‍ഗ്ഗലോകത്ത് പ്രതിഷ്ഠിക്കുന്നതിനായി ഐ പി എല്‍ നടത്തിയ നീക്കങ്ങളെക്കുറിച്ചാണ് അവസാന ലേഖനത്തില്‍.

ഈ ലേഖനപരമ്പര പ്രസിദ്ധീകരിച്ചതിന് malayal.am നന്ദി.

ഫോര്‍മുലാ വണ്‍ മത്സരങ്ങളുടെ ഒരു അവലോകന പരമ്പരയും malayal.am പോര്‍ട്ടലിനു വേണ്ടി ഞാന്‍ എഴുതുന്നുണ്ട്. റേസിനു ശേഷമുള്ള എല്ലാ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രസിദ്ധീകരിക്കാനാണുദ്ധേശിക്കുന്നത്. ആദ്യഭാഗം ഇവിടെ കാണാം.

ഈ ബ്ലോഗിലെ മലയാളം ലളിത ഉപയോഗിച്ച് എഴുതിയതാണ്…

Advertisements

ക്രിക്കറ്റ്,ദേശീയത,പണം, ഐ.പി.എല്‍. എതിര്‍ക്കപ്പെടേണമോ?

April 30, 2010

രാംകുമാറിന്റെ പോസ്റ്റിനു മറുപടിയായി എഴുതിയതാണ്. പല ഭാഗങ്ങളായി വിശദമായി എഴുതിയ ഒരു പോസ്റ്റാണത്, ഞാന്‍ അതിലെ ഒരുഭാഗത്തിനു മാത്രം എഴുതുന്ന മറുപടിയാണിത്. അത് പോസ്റ്റിലെ മറ്റു വിഷയങ്ങളുടെ പ്രാധാന്യം കുറയ്ക്കരുതെന്നു കരുതി ഇവിടെയിടുന്നു.

ഇന്ത്യയില്‍ ഒരുപക്ഷേ ഏറ്റവും ജനകീയമായ കായികവിനോദമാണ് ക്രിക്കറ്റ്. അതിനാല്‍ തന്നെ,ഇന്ത്യന്‍ കായികവിനോദവ്യവസായത്തിന്റെ ആണിക്കല്ലും. ഇത്രയേറെ ജനകീയവും ലാഭകരവുമായ ഒരു വ്യവസായത്തിന്റെ മൊത്തമായുള്ള അവകാശം കുത്തകവത്കരിക്കപ്പെട്ടതാണ്. ബോര്‍ഡ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ എന്ന ബി. സി.സി. ഐ. യ്ക്കാണ് ഇന്ത്യയിലെ ക്രിക്കറ്റ് നടത്തിപ്പിന്റെ ചുമതല. ക്രിക്കറ്റിന്റെ പ്രചാരണത്തിനും നടത്തിപ്പിനും പ്രോത്സാഹനത്തിനും അവരെഴുക്കുന്ന “വിയര്‍പ്പിനു” പകരമായി ഈയടുത്തകാലം വരെ നികുതിയിളവുകളും ലോകക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവകാശവും കാലാകാലങ്ങളായി സര്‍ക്കാര്‍ അവര്‍ക്കു നല്‍കിപ്പോന്നിരുന്നു.

ഈ ബി.സി.സി.ഐ. എന്ന പ്രാദേശിക ക്ലബ്ബ് കൂട്ടായ്മയുടെ ഭരണമാകട്ടെ കാലങ്ങളായി പത്രത്താളുകളിലിടം പിടിക്കുന്ന തൊഴുത്തില്‍കുത്തുകളുടെ കഥയാണ്. വമ്പന്‍ രാഷ്ട്രീയ നേതാക്കളും(ശരദ് പവാര്‍, അരുണ്‍ ജെയ്റ്റ്ലി, മാധവറാവു സിന്ധ്യ, നരേന്ദ്ര മോഡി), ബിസിനസ്സുകാരും(എന്‍. ശ്രീനിവാസന്‍, ലളിത് മോഡി, ജഗ്‌മോഹന്‍ ഡാല്‍മിയ, ചിരായു അമീന്‍) എല്ലാം ചേര്‍ന്ന ഒരു പവര്‍ കണ്‍സോര്‍ഷ്യമാണിതെന്നു പറയുന്നതാവും ശരി. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെ വിലക്കെടുത്താണ് ഇപ്പോഴത്തെ വിവാദതാരമായ ലളിത് മോഡി ആദ്യമായി ബി.സി.സി.ഐ.യ്ക്കുള്ളിലെത്തുന്നത്. ഇങ്ങനെ അടിമുടി അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നതെങ്കിലും, കൃത്യമായുണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍ കാര്യങ്ങള്‍ ഭദ്രമാണെന്നൊരു തോന്നല്‍ ജനങ്ങള്‍ക്കു നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യന്‍ ദേശീയതയെ സ്വാര്‍ത്ഥ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കുപയോഗിക്കുന്ന ലാഭേച്ഛയുള്ള സംഘടനാ സംവിധാനമാണിതെന്ന കാര്യം സമര്‍ത്ഥമായി മറച്ചു വയ്ക്കപ്പെട്ടു.

ഐ.പി.എല്‍. തുടങ്ങാന്‍ തീരുമാനിച്ചതോടെ ബി.സി.സി.ഐ. ഒരേ സമയം അതിന്റെ കപടദേശീയതയുടെ മുഖംമൂടി ഭാഗികമായെങ്കിലും കീറീക്കളയുകയും, പണക്കൊതിയുടെയും സ്വാര്‍ത്ഥ ബിസിനസ്സ് താല്‍പ്പര്യങ്ങളുടെയും കുടം തുറക്കുകയാണു ചെയ്തത്. ഐ.സി.എല്ലിനെതിരായ നീക്കങ്ങള്‍, ഒരു റെഗുലേറ്ററേക്കാള്‍ ഒരു കുത്തകയുടെ കുപ്പായമാണ് തങ്ങള്‍ക്കുള്ളതെന്ന് അവര്‍ തുറന്നു സമ്മതിയ്ക്കുകയായിരുന്നു. കാലങ്ങളായി ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നവരുടെ അല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തനതു സാമ്പത്തിക സ്വഭാവമാണ് വെളിപ്പെട്ടതെന്നും പറയാം.

ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന ഐ.പി.എല്‍. മാമാങ്കം വര്‍ഷങ്ങളായി ബി.സി.സി.ഐ.യില്‍ നടന്നു വന്നിരുന്ന സ്വജന പക്ഷപാതിത്വത്തിന്റെയും സ്വര്‍ത്ഥതാല്‍പ്പര്യങ്ങളുടെയും ഇരയായി ഇരുട്ടില്‍ തപ്പുകയാണ്. ഇതിനു പകരം ഒന്നാംതരം നടത്തിപ്പിലൂടെ ഐ.പി.എല്‍. നല്ല പേരുണ്ടാക്കിയിരുന്നെങ്കിലും, സമീപഭാവിയില്‍ത്തന്നെ(പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍) ബി.സി.സി.ഐ. യെ വിഴുങ്ങാന്‍ മാത്രം സാമ്പത്തിക വളര്‍ച്ച ഐ.പി.എല്‍. നേടിയേനെ. പൊതു വിപണിയില്‍ സജീവമായ കമ്പനികളുടെയും വ്യക്തികളുടെയും വിശ്വാസതയുടെ പുറത്ത് കൂടുതല്‍ സുതാര്യത കൈവരിക്കാനുള്ള സാധ്യതയും അസ്ഥാനത്തായിരുന്നില്ല(മറിച്ചു സംഭവിക്കാനുള്ള സാധ്യതയാണു പക്ഷെ കൂടുതല്‍). അങ്ങനെ ഇത്രയും കാലം ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ ക്രിക്കറ്റ് നിയന്ത്രിച്ചിരുന്ന സാമ്പത്തിക രാഷ്ട്രീയ ദല്ലാളുമാര്‍ നേരിട്ട് അവകാശം നേടി സ്വന്തം മുഖം വെളിവാക്കാനുള്ള സാധ്യതയാണ് ഐ.പി.എല്‍. കൊണ്ടുവന്നത്. ക്രിക്കറ്റ് ദേശീയതയുടെ പേരില്‍ കബളിപ്പിക്കപ്പെട്ടിരുന്ന പൊതുജനത്തിന് സത്യം മനസ്സിലാക്കാനുള്ള അവസരം.

ഇന്ത്യന്‍ ക്രിക്കറ്റ് പൊതുജനങ്ങള്‍ തിരിച്ചുപിടിക്കേണ്ട യാതൊരു ആവശ്യവുമില്ല, കാരണം അതൊരിക്കലും പൊതുജനങ്ങളുടേതായിരുന്നില്ല തന്നെ. ഇപ്പോള്‍ ഐ.പി.എല്‍. സാമ്പത്തികവും സംഘടനാപരവുമായ വിവദങ്ങളില്‍പ്പെട്ടുഴലുന്നത് പൊതുജനത്തെ സംബന്ധിച്ച നല്ലതാണ്. കൂടുതല്‍ സാമ്പത്തിക അച്ചടക്കത്തോടെ വളരാന്‍ അത് ഐ.പി.എല്ലെന്ന ബ്രാന്‍ഡിനെ സഹായിച്ചേക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിന് അവരെ അതു കൂടുതല്‍ സഹായിക്കും. ഒരു പക്ഷേ ഭാവിയില്‍ മൂലധനം നിയന്ത്രിക്കുന്നതും പ്രതിഭനിയന്ത്രിക്കുന്നതുമായി പ്രൊഫഷണലെന്നും അമേച്വറെന്നും ക്രിക്കറ്റിനെ വേര്‍ത്തിരിക്കാനും ഇതുപകരിച്ചേക്കും.

ഈ ബ്ലോഗിലെ മലയാളം ലളിത ഉപയോഗിച്ച് എഴുതിയതാണ്…

ചില സാമൂഹ്യശാസ്ത്ര നിരീക്ഷണങ്ങളും അഭിപ്രായങ്ങളും

June 30, 2008

സാധാരണ ഒരു വിഷയത്തില്‍ രണ്‍ പോസ്റ്റ് പോയിട്ട് ഒരു പോസ്റ്റുപോലും ഇടാത്ത ഞാന്‍ ഇങ്ങനെയെഴുതുന്നത് വല്ല ഹിഡന്‍ അജണ്ടയും വച്ചുകൊണ്ടാണോ എന്നു ചോദിച്ചാല്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് കാണണമെന്ന ഒരു പ്രത്യക്ഷ അജണ്ട ഉണ്ടെന്നാണു മറുപടി. ചോദിക്കേണ്ട പല ചോദ്യങ്ങളും ചോദിക്കാതിരിക്കുകയും, ആവശ്യമില്ലാത്ത ചോദ്യങ്ങളും ചര്‍ച്ചകളും നടത്തുകയുമാണ് വര്‍ത്തമാനകാല മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിന്റയും ഒരു രീതി. അത് പ്രസക്തമായ ഈ വിഷയത്തിലും അങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ബ്ലോഗില്‍ പോലും, നടന്ന ചര്‍ച്ചകളില്‍, മറ്റാരോ ഉണ്ടാക്കിയിട്ട ഒരു അജണ്ടയിന്‍മേല്‍ ചര്‍ച്ച തുടങ്ങി, അതേ ട്രാക്കിലൂടെ പോകുന്ന ഒരു തോന്നല്‍. വേണ്ട പലകാര്യങ്ങളും ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണോ ഇത്തരം ഒരു വിവാദം എന്നൊരു തോന്നല്‍ പലരും പ്രകടപ്പിച്ചു കണ്ടെങ്കിലും ആരും അതു കാര്യമായി വിശകലനം ചെയ്തു കണ്ടില്ല.

പ്രശ്നത്തെ പഠിക്കുന്ന കുട്ടികളുടെ തലത്തിലേക്കിറങ്ങിച്ചെന്ന് അപഗ്രഥിക്കാന്‍ ചെറിയ ശ്രമമേ കണ്ടുള്ളൂ. കുട്ടികള്‍, ഇക്കാര്യം അവരുടേതായ റിസോഴ്സുകളില്‍ നിന്നും മനസ്സിലാക്കണം എന്നതാണ് പുതിയ രീതിയുടെ സ്വഭാവം. പുസ്തകങ്ങളേക്കാളും കുട്ടികള്‍ ആശ്രയിക്കേണ്ടത്, മാതാപിതാക്കളും, അദ്ധ്യാപകരും, മുതിര്‍ന്നപൌരന്‍മാരുമടങ്ങുന്ന റിസോഴ്സിനെയാണ്. അവിടെ പ്രധാന ചുമതല വഹിക്കേണ്ടത് അദ്ധ്യാപകരും. കുട്ടികളെ ഇത്തരം ഒരു രീതിയില്‍ അവരുടെ അപഗ്രഥനത്തിനുള്ള ശേഷിയെ തിരിച്ചറിയാനും, ചെറിയ നിഷ്പക്ഷമായ വിവരണങ്ങള്‍ നല്‍കാനും, കാര്യങ്ങളേയും കാരണങ്ങളേയും തിരിച്ചറിയാനും, വസ്തുതകള്‍ മനസ്സിലാക്കാനും സഹായിക്കേണ്ടതും, നാനാവിധത്തിലുള്ള കഴിവുകളെ അളന്ന് മാര്‍ക്കു കൊടുക്കേണ്ടതും അദ്ധ്യാപകനാണ്. ലഘുവിവരണങ്ങളും ചോദ്യങ്ങളും അടങ്ങിയ തീരെ ലളിതമായ പാഠപുസ്തകങ്ങള്‍ക്ക് പഠനത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. അവയുടെ അദ്ധ്യാപന വ്യാഖ്യാനത്തിനും, അദ്ധ്യാപനത്തിന്റെ ചുവടു പിടിച്ച് കുട്ടി നടത്തുന്ന അന്വേഷണങ്ങള്‍ക്കുമാണ് പ്രഥമസ്ഥാനം.

പാഠത്തെക്കാളും ഗുരുവാണ് വിദ്യാര്‍ത്ഥികളെ കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത്. ഇത്രയും പ്രൊഫഷനലായ, ഇത്രയും എഫേര്‍ട്ട് എടുക്കാന്‍ താത്പര്യമുള്ള ഗുരുജനങ്ങളിന്നുണ്ടോ ആവോ! ഉണ്ടെങ്കില്‍ത്തന്നെയും എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളിലും കാണുമോ? മാത്രമല്ല, തങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കുന്നതില്‍ അദ്ധ്യാപകര്‍ ഇതുവരെ ഉത്ഘണ്ഠയൊന്നും പ്രകടിപ്പിച്ചുകാണാത്തതുകൊണ്ട് അവര്‍ക്കു കാര്യം തന്നെ കൃത്യമായി മനസ്സിലായിട്ടില്ലന്നാണെനിക്കു തോന്നുന്നത്. കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍ എന്തെങ്കിലും ഹിഡന്‍ അജണ്ട നടപ്പാക്കുന്നുണ്ടെങ്കില്‍ അതു അദ്ധ്യാപക സമൂഹത്തിലൂടെയായിരിക്കണം,പ്രത്യേകിച്ചും പ്രധാന അദ്ധ്യാപകസംഘടനകളൊക്കെ ഇടതാഭിമുഖ്യമുള്ളവരാവുമ്പോള്‍. പാഠപുസ്തകം മാറ്റിമറിക്കുന്നവരും, തിരിച്ചിടാന്‍ പറയുന്നവരും, യുക്തിയിലും സാമൂഹ്യവിമര്‍ശത്തിലും വിശ്വസിക്കുന്ന പൊതു സമൂഹത്തിനു മുമ്പില്‍ നാണം കെടുകയും ചെയ്യും. താന്‍ ചെയ്യുന്നതെന്തെന്നറിയാത്ത അദ്ധ്യാപക പ്രഭൃതികള്‍ അവരെ പഠിപ്പിച്ചതനുസരിച്ച് “വേണ്ടരീതി”യില്‍ പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്യും.കാരണം, ശരിയായ വിമര്‍ശനബോധനശാസ്ത്രരീതിയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് മതങ്ങളുടെ ഫ്യൂഡലിസ്റ്റ് കാഴ്ചപ്പാടുമാത്രമല്ല, കമ്യൂണിസ്റ്റുകളുടെ നിയോ ഫ്യൂഡലിസ്റ്റുകാഴ്ചപ്പാടും പഥ്യമാകാന്‍ യാതൊരു വഴിയുമില്ല. വേണ്ടത്ര തയ്യാറെപ്പോടുകൂടി ചെയ്തില്ലെങ്കില്‍ വിപരീതഫലമാകും വിമര്‍ശനാത്മക ബോധനരീതി കുട്ടികളിലുണ്ടാക്കുക. പ്രത്യേകിച്ചും, അദ്ധ്യാപകരടക്കമുള്ള മുതലമുറകള്‍ക്കുമുഴുവന്‍ ഇത്തരമൊരു രീതിയെ യാതൊരു പരിചയവുമില്ലാതിരിക്കുമ്പോള്‍!അതുകൊണ്ടു തന്നെ ഹിഡന്‍ അജണ്ട ഉണ്ട് എന്ന് പറയുന്നവരോട് അടികൂടേണ്ട കാര്യമൊന്നുമില്ല. അവര്‍ പറയുന്ന കാര്യങ്ങളിലൊന്നും ഹിഡന്‍ അജണ്ടയൊന്നുമില്ലെന്നുമാത്രം. ശരിയായ അജണ്ട വെളിയില്‍ വരാതിരിക്കാനായിരിക്കണം ഇങ്ങനെ ഒരു വിവാദം. പാഠഭാഗങ്ങളില്‍ ചെറിയമാറ്റങ്ങളും റെഫറന്‍സില്‍ ചെറിയ വ്യത്യാസങ്ങളും വരുത്തിയാല്‍ ഇവരൊക്കെ കടയടച്ച് വീട്ടില്‍ പോകേണ്ടി വരുമല്ലോ. ആത്യന്തികമായി നിരീശ്വരവാദം പ്രചരിപ്പിച്ചതുകൊണ്ടൊന്നുമല്ല കമ്യൂണിസ്റ്റുകാരനുണ്ടാവുന്നത്. യുക്തിയുപയോഗിച്ച് ചിന്തിക്കുകയും, വിമര്‍ശനബുദ്ധിയോടെ കാര്യങ്ങളെ നോക്കുകയും ചെയ്യുന്നവരൊന്നും കമ്യൂണിസ്റ്റ്കാരല്ല താനും. സത്യത്തില്‍ മതസ്ഥാപനങ്ങള്‍ക്കുണ്ടാവുന്നത്ര എതിര്‍പ്പ് ഇങ്ങനെയുള്ളവരോട് കമ്യൂണിസ്റ്റ്കാര്‍ക്കും ഉണ്ടാവും. അത്തരത്തില്‍, തങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു പാഠപുസ്തക പരിഷ്കരണം (തങ്ങള്‍ക്കും വലിയ യോജിപ്പൊന്നുമില്ലാത്ത)എതിര്‍കക്ഷികളെക്കൊണ്ട് തടഞ്ഞ് കാര്യങ്ങള്‍ നടത്തുകയും(തങ്ങള്‍ക്കു കൂടി ആവശ്യമുള്ള) പുണ്യാളന്‍ ചമഞ്ഞ് പൊതുസമൂഹത്തില്‍ മാന്യതനേടുകയുമല്ലെ ഇപ്പോ കമ്യൂണിസ്റ്റുകാര്‍ ഉദ്ദേശിക്കുന്നതെന്നും സംശയിക്കണം. പ്രത്യേകിച്ച് പ്രത്യക്ഷത്തില്‍ത്തന്നെ തല്ലാനുള്ള വടികൊടുക്കുക എന്ന കമ്യൂണിസ്റ്റിതര സ്വഭാവം കാണുമ്പോള്‍!

ഇതിനൊക്കെ ശേഷം എനിക്ക് മനസ്സിലാവാത്ത ഒരുകാര്യം, ഇപ്പോ ഏഴില്‍ പഠിക്കുന്ന കുട്ടികള്‍ ആറില്‍ ഏതു പുസ്തകമാ പഠിച്ചത്? ചോദിക്കാന്‍ കാരണം, ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ കൂടിനടക്കേണ്ട തുടര്‍പഠനം ഏഴില്‍ തുടങ്ങുന്നതിലുമില്ലെ അപാകത? പാഠപുസ്തക പരിഷ്കരണമൊക്കെ ആദ്യം പ്രൈമറിയില്‍, പിന്നെ അഞ്ചില്‍,പിന്നെ ആറില്‍ എന്നല്ലാതെ നടപ്പാക്കിയാല്‍ ഈ നടുവില്‍പ്പെട്ടുപോകുന്ന പൈതങ്ങള്‍ ഒരുതരത്തില്‍ ഡിസേബ്ള്ഡ് ആയിപ്പോകില്ലെ? അദ്ധ്യാപകര്‍ക്ക് ശരിക്ക് പരിശീലനം കിട്ടാത്തതിന്റെ പ്രശ്നങ്ങളും വിവാദങ്ങളും കൂടി അവര്‍തന്നെ അനുഭവിക്കേണ്ടിവരുമ്പോള്‍ ഇവരുടെ വിമര്‍ശനബോധവും യുക്തിബോധവും അളന്ന് പാഠ്യപദ്ധതിയെ വിലയിരുത്തി അതിനെ പെട്ടിയിലടച്ച് പൂട്ടാനുള്ള ഒരു തന്ത്രവും ഇവിടില്ലെ എന്നൊരു സംശയം! പിന്നെ പാഠപുസ്തകങ്ങളേക്കാള്‍ വിദ്യാലയവും സമൂഹവും കുട്ടിയുടെ സ്വത്വവത്കരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനെ ഫലപ്രദമായി ഉപയോഗിച്ചാല്‍, ഇപ്പറയുന്ന വിവാദങ്ങളൊക്കെ ഒരു വിവാദമേ അല്ലാതാവും. അദ്ധ്യാപകനിലൂടെയും, വിദ്യാലയനയങ്ങളിലൂടെയും സമൂഹത്തിന്റെ ഇടപെടലിലൂടെയും ഒക്കെ ഇത്തരത്തില്‍ പാഠപുസ്തകത്തിന്റെ ഉള്ളില്‍ ഉണ്ടെന്നു പറയുന്ന കമ്യൂണിസ്റ്റ് അജണ്ട ചെറുക്കാവുന്നതേ ഉള്ളൂ.

ഹിഡന്‍ അജണ്ട എന്നത്, അങ്ങനെ ഒന്നുണ്ട് എന്നറിയുന്നവനു പോലും പ്രത്യക്ഷത്തില്‍ ദൃശ്യമാവില്ല. തുറന്ന ഒരു മാധ്യമത്തിലും അതു ചര്‍ച്ചയ്ക്കുവരാന്‍ അതിനു പിന്നിലുള്ളവര്‍ സമ്മതിക്കുകയുമില്ല. അതുകൂടി കണക്കാക്കുമ്പോള്‍, ഇക്കാര്യത്തിലൂന്നിയ ഒരു ചര്‍ച്ചയായിരിക്കണം കൂടുതല്‍ ആവശ്യം. അദ്ധ്യാപകപരിശീലനത്തിന്റെ രീതികള്‍, സിലബസ് മാറ്റം(അതും ഇത്രയും ക്രിട്ടിക്കലായ ഒരുമാറ്റം) മുമ്പു നടന്നപ്പോള്‍ (നടന്നിട്ടുണ്ടെങ്കില്‍) നടപ്പാക്കിയതെങ്ങനെയായിരുന്നു, പഴയ പാഠപുസ്തകവും, അദ്ധ്യയനരിതിയും ഉപയോഗിച്ച് പഠിച്ചു വന്നവര്‍ക്ക് പുതിയ രീതി ഉള്‍ക്കൊള്ളാനാവുമോ(ഉവ്വാ, കുട്ടികള്‍ക്ക് ഒരു പ്രശ്നവുമില്ല, അദ്ധ്യാപകര്‍ എങ്ങനെ മിസ്സിങ്ങ് ബ്ലാങ്ക്സ് പൂരിപ്പിക്കും എന്നത്), അവര്‍ക്ക് താഴ്ന്ന ക്ലാസുകളില്‍ പുതിയ അദ്ധ്യയന രീതിയിലൂടെ കിട്ടേണ്ടിയിരുന്ന വിവരങ്ങള്‍ പാഠത്തിനാമുഖമായി ഒരു ചെറു വിവരണമെങ്കിലും കൊടുക്കാന്‍ ശ്രമമുണ്ടോ(ജന്‍മി കുടിയാന്‍ ബന്ധങ്ങളിലും മറ്റും അങ്ങനെ കാണും എന്നാണെന്റെ വിശ്വാസം, സ്വാതന്ത്ര്യ സമരത്തിന്റെ കാര്യത്തിലും)? അല്ലെങ്കിലിപ്പറയുന്ന എട്ട് അടിസ്ഥാന പ്രശ്നങ്ങളും അതിന്റേതായ രീതിയില്‍ മനസ്സിലാക്കാതെ ഒരു പാതി വെന്ത രീതിയില്‍ കുട്ടികള്‍ കുറച്ചു കാലം പഠിക്കട്ടെ എന്നതാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതായിരിക്കണം ഏതൊരു ചര്‍ച്ചാ ഉദ്യമവും എന്നാണ് എന്റെ വിശ്വാസം. അല്ലാതെ ആരോ പ്രീ ക്രാഫ്റ്റ് ചെയ്തെടുത്ത ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിച്ച് ചര്‍ച്ചിക്കാന്‍ നമ്മള്‍ “ചര്‍ച്ചാ തൊഴിലാളി” ഒന്നുമല്ലല്ലോ!വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന്റെ പ്രയോഗത്തെ യുക്തിയുടെയും വിമര്‍ശനത്തിന്റെയും കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയല്ലെ വേണ്ടത്? അങ്ങനെ മുന്‍നിശ്ചയ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ ശീലിച്ച നമ്മള്‍ പുതിയ ചോദ്യങ്ങളുയര്‍ത്തി, ഉത്തരം സ്വയം കണ്ടുപിടിക്കുന്ന പാഠ്യരീതിയുടെ രീതി ചര്‍ച്ചകളിലും കൊണ്ടുവരണം. പള്ളിയും,കോണ്‍ഗ്രസ്സും,കമ്യൂണിസ്റ്റും,നിരീശ്വരത്വവും എന്ന ലൈനിനു പകരം, പുതിയ രീതിയും ഭാവി തലമുറയും, അദ്ധ്യാപന സമൂഹവും എന്ന രിതിയില്‍ ചര്‍ച്ച നടക്കണം എന്നൊരഭിപ്രായം.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്…

"ക്രിക്കറ്റ്,ദേശീയത,പണം" ചില നിരീക്ഷണങ്ങള്‍

May 18, 2008

ക്ഷമിക്കണം ബാബുരാജ് ഇവിടെയെഴുതിയ ലേഖനത്തിന് മറുപടിയായി എഴുതിത്തുടങ്ങിയതാണ്. എഴുതിയെഴുതി, ലേഖനത്തിന്റെ വിഷയത്തില്‍ നിന്നും കുറച്ചകന്നു പോയി എന്നു തോന്നിയതിനാല്‍ ഇവിടെക്കുറിക്കുന്നു. ക്രിക്കറ്റനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍.

കെറി പാര്‍ക്കര്‍ ക്രിക്കറ്റിലേക്ക് നിറവും പണവും കൊണ്ടുവന്നപ്പോള്‍ തുടങ്ങിയ മാറ്റങ്ങളുടെ വികാസമാണു് 20-20യും. ലോകത്തിന്റെ വേഗമനുസരിച്ച് കളിയുടെ വേഗം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം. വാരാന്ത്യങ്ങളില്‍ നടക്കുന്ന രണ്ടുമണീക്കൂര്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളും, മൂന്നു മണിക്കൂറിലേറെ നീളാത്ത വേഗത്തിന്റെ പോരാട്ടങ്ങളും, രാത്രിയിലെത്തുന്ന എന്‍.ബി.എ. യുദ്ധങ്ങളും, ദിനം മുഴുവന്‍ നീളുന്ന ക്രിക്കറ്റിന് സ്വീകരണമുറിയില്‍ വെല്ലുവിളിയുയര്‍ത്തുന്നു എന്ന തിരിച്ചറിഞ്ഞതിന്റെയും പുതിയ വിപണി സാദ്ധ്യതകളുടെയും ആകെത്തുകയാണ് 20-20 ക്രിക്കറ്റ്. ദേശീയതയും പണത്തിനുള്ള ഉപകരണം മാത്രമായ മേധാവികള്‍ക്ക് ഈ പുതിയ രീതി ഒരു വലിയ ലോട്ടറിയായിരുന്നു.

പിന്നെ, വമ്പന്‍ ക്ലബ്ബുകളും മറ്റും ഫുട്‌ബോള്‍ നിലങ്ങള്‍ വാഴുമ്പോള്‍ ക്രിക്കറ്റില്‍ അതു പാടില്ലെന്ന നിലപാടിന് പ്രധാനകാരണം ഒരു വലിയ തെറ്റിദ്ധാരണയാണ്. ഇന്ത്യയുടെ പേരില്‍ കളിക്കാനിറങ്ങുന്നവര്‍ പ്രധിനിധീകരിക്കുന്നത് യാതൊരു പൊതുബാദ്ധ്യതയുമില്ലാത്ത ഒരു ക്ലബ്ബ് കൂട്ടായ്മയെയാണെന്നുള്ളത് ഭൂരിഭാഗത്തിനും അറിയില്ല. “ടീം ഇന്ത്യ” എന്നത് “ടീം ബി സി സി ഐ” മാത്രമാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണ്(ക്ഷമിക്കണം, ഇവിടെ ചെറിയൊരു പിശകുപറ്റിയോ എന്നൊരു സംശയം, ബോര്‍ഡ് സുപ്രീം കോടതിയില്‍ അങ്ങനെ വാദിക്കുകയും, സുപ്രീം കോടതി ശരി വയ്ക്കുകയും ചെയ്തു എന്നാണ് തോന്നുന്നത്. ഇതും ഇതും വായിച്ചിട്ട് എനിക്കങ്ങനെയാണു തോന്നിയത്.). ബി സി സി ഐ എന്ന ക്ലബ്ബിന്റെ ടീം ദേശീയ ടീമാണെന്നുള്ള തെറ്റിദ്ധാരണയാണ് പുതിയ 20-20 മാമാങ്കങ്ങള്‍ ദേശീയതയുടെ പേരില്‍ എതിര്‍ക്കുന്നവര്‍ക്കുള്ളത്.

ആഗോളതലത്തില്‍ത്തന്നെ വെറുമൊരു സാമ്പത്തിക കൂട്ടായ്മയായോ മറ്റോ ക്രിക്കറ്റിനെ കാണാവുന്നതാണ്. ഐ സി സി അടക്കം എല്ലാ ബോര്‍ഡുകളുടെയും പ്രധാനലക്ഷ്യം സാമ്പത്തികമാണ്. മാത്രമല്ല, ഒരു ക്രിക്കറ്റ് ബോഡിയും കൃത്യമായി ഒരു രാഷ്ട്രത്തെ പ്രധിനിധീകരിക്കുന്നില്ല. ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് മാമാങ്കങ്ങളും സത്യത്തില്‍ കുറെ ക്ലബ്ബുകളുടെ ഏറ്റുമുട്ടലുകള്‍ മാത്രമാണ്. പിന്നെ, ദേശീയത നല്ലവണ്ണം വിറ്റഴിയുന്ന ഒരുല്‍പ്പന്നമായതുകൊണ്ട് വ്യാപകമായി അതുപയോഗിക്കുന്നെന്നുമാത്രം. ദേശീയതയെ ചുരുങ്ങിയ നിലയില്‍ ഉപയോഗിച്ച് ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കമ്പോള്‍ അത് പ്രോത്സാഹിപ്പിക്കപ്പെടണം. മുഖംമൂടികള്‍ വലിച്ചെറിയാനും പരീക്ഷണങ്ങള്‍ നടത്താനും തയ്യാറായാല്‍ ദേശീയതയുടെ പേരില്‍ കബളിപ്പിക്കപ്പെടുന്ന ജനതയെ ഓര്‍ത്തെങ്കിലും നമ്മള്‍ സത്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണം.

ഇന്ത്യക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നവന്‍ സത്യത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനു വേണ്ടി കളിക്കുന്നവരില്‍ നിന്നും വ്യത്യസ്തനൊന്നുമല്ല. താന്‍ കരാറൊപ്പിട്ടിട്ടുള്ള ബോര്‍ഡിനേയെ പ്രധിനിധീകരിക്കൂ എന്ന നിബന്ധനയുണ്ടെന്നതൊഴിച്ചാല്‍. പിന്നെ, പണത്തിനും പകരം കളിക്കാരെ കൈമാറ്റം ചെയ്യുന്ന രീതി ഐ സി സി നിയമവിധേയമാക്കിയിട്ടുമില്ല. അത് ദേശീയത എന്ന ഉല്‍പ്പന്നത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടങ്ങളെ ദേശീയപോരാട്ടങ്ങളായി വ്യവസ്ഥമാറ്റാതെ യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ ദേശീയ ബോധമുള്ളവര്‍ പിന്തുണക്കുകയാണ് വേണ്ടതെന്നാണെന്റെ അഭിപ്രായം.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്…

സാരിയെക്കുറിച്ച് എന്റെ വിനീത അഭിപ്രായം

October 21, 2007

ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് വിഷ്ണുപ്രസാദിന്റെ പോസ്റ്റും അതിലെ മറ്റു കണ്ണികളും അവിടെയുള്ള ചര്‍ച്ചകളും കണ്ടാണ്.

സാരിക്ക് പുതുതലമുറ(ഇപ്പൊ സാരിയുടുത്ത് തുടങ്ങുന്നവരുടെ തലമുറ) കൊടുക്കുന്ന സ്ഥാനം ഞാന്‍ വലുതായി എന്ന് സ്വയവും മറ്റുള്ളവരെയും തോന്നിപ്പിക്കാനുള്ള ഒരു വസ്ത്രം എന്ന നിലയിലാണെന്നാണ് എന്റെ തോന്നല്‍. ചില സംഭവങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം. ഓണത്തിന് വീട്ടീപ്പോവാന്‍ കഴിയാതിരുന്ന എന്നെ ഒരു അനിയത്തിക്കുട്ടി ഫോണ്‍ വിളിച്ച് പറഞ്ഞു, അവള്‍ സാരിയാണ് ഉടുത്തതെന്ന്, അവള്‍ക്ക് സാരി മുതിര്‍ന്നവരുടെ കൂട്ടത്തിലേക്കുള്ള ഒരു ചവിട്ടു പടിയാണ്. സ്കൂളില്‍ പഠിപ്പിക്കാന്‍ പോയ എന്റെ ക്ലാസ്മേറ്റ് ആദ്യദിവസം ചുരിദാര്‍ ഇട്ടു ചെന്നപ്പോള്‍ കുട്ടികള്‍ക്ക് തമാശ, പിറ്റേന്ന് സാരിയും ഉടുത്ത് ചെന്നപ്പോള്‍ എവിടെനിന്നല്ലാതെ ബഹുമാനം, അവിടെ സാരി മുതിര്‍ന്ന സ്ത്രീയുടെ പരിവേഷം നല്‍കുന്നു. വെറും അഞ്വരമീറ്റര്‍ തുണിക്ക് ഇത്രയും മാറ്റങ്ങള്‍ മനുഷ്യമനസ്സില്‍ വരുത്താന്‍ കഴിയുമെങ്കില്‍ അത് ചില്ലറയല്ല എന്നാണ്എന്റെ വിനീത അഭിപ്രായം. ഞാന്‍ സാരി ഉടുക്കുന്നു അല്ലെങ്കില്‍ എനിക്ക് സാരി ഉടുക്കാനറിയാം എന്ന് എന്നോടു പറഞ്ഞ ഓരോ പെങ്കുട്ടിയും അത് ഒരു പൊതു വസ്ത്രം ധരിക്കാനറിയാം എന്നതിനേക്കാളുപരി, i have a skill എന്ന രീതിയിലാണ് എന്നോടു പറഞ്ഞിട്ടുള്ളത്. അഞ്ചരമീറ്റര്‍ തുണി അഴിഞ്ഞു വീഴാതെ ധരിച്ച് സ്വതന്ത്രമായി നടക്കുക എന്നത് ഒരു കഴിവ് തന്നെയാണ്.

പിന്നെ ഞാന്‍ കണ്ടറിഞ്ഞിടത്തോളം, സാരി സ്ഥിരമായി ഉടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പുതുതലമുറയില്‍ ഇല്ല എന്നു പറയാം, ഒരു സെറിമോണിയല്‍ സ്റ്റാറ്റസ് ആണ് എല്ലാവര്‍ക്കും സാരിയോടുള്ളത്. അത്ര തന്നെ മതി എന്നാണ് എന്റെ അഭിപ്രായവും. അല്ലാതെ “സാരിയുടുക്കാനറിയാത്തവര്‍ മലയാളി മങ്കയാവില്ല” എന്നത് വരട്ടു തത്വവാദം എന്ന ഗണത്തില്‍ പെടുത്താനാണെനിക്കിഷ്ടം.

സാരി ധരിക്കാനറിയുന്നവര്‍ ധരിക്കട്ടെ, പക്ഷെ അതൊരിക്കലും ഒരു രീതിയിലും അവശ്യ യോഗ്യതയാവരുത്. സാരി ധരിക്കില്ലെങ്കിലും നന്നായി പഠിപ്പിക്കാനറിയുന്ന ഒരു സ്ത്രീയെ നിങ്ങള്‍ക്ക് ടീച്ചറാവാനുള്ള യോഗ്യതയില്ല എന്നു പറഞ്ഞ് തിരിച്ചയക്കുന്നത് പിന്തിരിപ്പന്‍ നയമാണ്. സാരിയുടെ പ്രധാന യോഗ്യത എന്നു ഞാന്‍ പറയുക, ഒരേ സമയം executiveഉം traditionalഉം ആയ ഒരു വസ്ത്രം എന്നതാണ്. മുണ്ടുടുത്ത പുരുഷന്‍മാര്‍ സ്വീകരിക്കപ്പെടാത്ത സ്ഥലങ്ങളില്‍ പ്പോലും സാരിയുടുത്ത സ്ത്രീകള്‍ സ്വീകരിക്കപ്പെടും.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്…