Archive for the ‘സ്വാതന്ത്ര്യം’ Category

പിണറായി, വിദ്യാഭ്യാസം, സമൂഹം, മുന്‍വിധികള്‍,സ്വാതന്ത്ര്യം

November 22, 2009

സെബിന്‍ ഇവിടെ എഴുതിയ നീണ്ട ലേഖനത്തിനു മറുപടിയായി എഴുതിത്തുടങ്ങിയതാണ്. ഞാന്‍ എഴുതിത്തീര്‍ന്നപ്പോഴെയ്ക്കും അവിടെ ചര്‍ച്ച സി പി എമ്മിന്റെ നയങ്ങളെക്കുറിച്ചും തട്ടിപ്പുകളെപ്പറ്റിയുമായതുകൊണ്ട് ഇനി ഇതവിടെ കൊണ്ടിട്ടാല്‍ ഞാന്‍ വിഷയം മാറ്റാന്‍ നോക്കുന്ന കമ്യൂണിസ്റ്റുകാരനായാലോ എന്നു കരുതി ഇവിടെയിടുന്നു.

പിണറായിയുടെ തത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വിരുദ്ധമായി വിവേകും വീണയും സ്വകാര്യസ്വാശ്രയകോളേജില്‍ പഠിക്കുന്നതിനെ പഴിപറയുന്ന കാര്യത്തില്‍ എന്റെ ചില ചിന്തകളാണ് ഇവിടെകുറിക്കുന്നത്. വിവേക് കിരണ്‍ സ്വകാര്യ സ്വാശ്രയ കോളേജായ SCMSല്‍ MBAയ്ക്കു ചേര്‍ന്നതാണ് എല്ലാവര്‍ക്കും ചോദ്യം ചെയ്യേണ്ടത്. വിവേക് അവിടെ ചേര്‍ന്നത് കോഴകൊടുത്താണെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്(അതിനി വിവേകല്ല, ദേവേന്ദ്രനായാലും എതിര്‍ക്കേണ്ടതാണ്).എന്നാല്‍ പ്രശ്നം, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ നയങ്ങളെ എതിര്‍ക്കുന്ന ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും, പലപ്പോഴും ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തുകയും, അവ അടച്ചിട്ടും പഠിപ്പുമുടക്കിയും സമരം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ മാതൃസംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുകയും ചെയ്യുന്ന വ്യക്തിയുടെ മകനായതുകൊണ്ട്, സ്വകാര്യ സ്വാശ്രയ കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ പാടില്ലെന്നതാണ്. അതിലൊരു വശപിശകുണ്ടെന്നാണ് എന്റെ അഭിപ്രായം.

പിണറായിയുടെ ഭാഗത്തുനിന്നു നോക്കിയാല്‍ കാര്യമെല്ലാം ശരിയാണ്, വിവേക് ഒരിക്കലും സ്വകാര്യ സ്വാശ്രയ കോളേജില്‍ ചേര്‍ന്നു പഠിക്കരുത്(അന്നത്തെ സാഹചര്യങ്ങളില്‍, ഇപ്പോ മൊത്തം കോളേജുകളോട് എതിര്‍പ്പൊന്നുമില്ലെന്നു തോന്നുന്നു). പാര്‍ട്ടിക്കും തനിക്കും മാനക്കേടുണ്ടാക്കി വയ്ക്കുന്ന ഒന്നാന്തരം സംഭവം. സ്വന്തം ആദര്‍ശങ്ങള്‍ മകനെപ്പോലും പറഞ്ഞു പഠിപ്പിക്കാനാവാത്ത ദുര്‍ബലനാവാകുന്ന സാഹചര്യം. പക്ഷേ, വിവേകിന്റെ സ്ഥാനത്തു നിന്നു നോക്കിയാല്‍, സ്വന്തം വിദ്യാഭ്യാസകാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ അച്ഛന്റെ ആദര്‍ശങ്ങള്‍ തടസ്സമാവുന്ന സ്ഥിതിയാണ്. താന്‍ എന്തു ചെയ്യണമെന്നും ആരാവണമെന്നും മൂന്നാമതൊരാള്‍ നിശ്ചയിക്കുന്ന അവസ്ഥ. അവിടെ തന്റെ സ്വകാര്യ സ്വാതന്ത്ര്യം വിവേക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയാണ് സെബിന്‍ അവിടെ സൂചിപ്പിച്ചതെന്നാണ് എനിക്കു മനസ്സിലായത്(സത്യം പറഞ്ഞാല്‍ എനിക്കു വിവേകിനേയോ പിണറായിയേയോ യാതൊരു പരിചയവുമില്ല, കൃത്യമായി എന്തു സംഭവിച്ചു എന്നു വിവേകിനോടു തന്നെ ചോദിക്കേണ്ടി വരും).

“സ്വന്തം മകനെ/മകളെ സ്വകാര്യ സ്വാശ്രയ കോളേജില്‍ ചേര്‍ക്കുകവഴി പിണറായി തന്റെ അനുയായികളെ വഞ്ചിക്കുകയായിരുന്നു” എന്ന വിലയിരുത്തലിലെ പ്രധാനപ്രശ്നം, ഒരുപാടു മുന്‍ വിധികളാണ്. ഒരാളുടെ വിദ്യാഭ്യാസകാര്യങ്ങളിലെ തീരുമാനങ്ങളില്‍ പ്രധാന സ്വാധീനം അച്ഛന്റെയായിരിക്കും എന്നതുമുതല്‍, വിവേകിന് സ്വന്തമായി പിണറായിയെ എതിര്‍ത്ത് SCMSല്‍ പഠിക്കാന്‍ സാധ്യമല്ല എന്നതു വരെയെത്തുന്നു അത്. ഇതു വിവേക് കിരണോ വീണയോ മാത്രം അനുഭവിക്കുന്ന പ്രശ്നമല്ല. കേരളത്തിലെത്തന്നെ ഓരോ വിദ്യാര്‍ത്ഥികളും അനുഭവിക്കുന്ന സാമൂഹ്യ സമ്മര്‍ദ്ദമാണ്. മെഡിസിനോ എഞ്ചിനീയറിങ്ങിനോ അഡ്മിഷന്‍ നേടാന്‍ താത്പര്യമില്ലാത്തവരെ താറടിക്കുന്നതില്‍ തുടങ്ങി, ഉന്നതവിദ്യാഭ്യാസത്തിനു ശ്രമിക്കുന്ന പിന്നോക്കക്കാരനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതില്‍ എത്തിനില്‍ക്കുന്നു ഇത്. പിണറായിയുടെയും വിവേകിന്റെയും പേരിനോട് ചേര്‍ത്തുവയ്ക്കുന്നതുകൊണ്ട് ഈ വിഷയത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. സെബിന്റെ ബ്ലോഗില്‍ ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെല്ലാവരും, പിണറായിയുടെയും പാര്‍ട്ടിയുടെയും ഭാഗത്തുനിന്നു മാത്രമെ പ്രശ്നത്തെ സമീപിച്ചുള്ളു എന്നാണെനിക്കു തോന്നുന്നത്. വിഷയം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള വിമര്‍ശനമായതുകൊണ്ടായിരിക്കാം.

പ്രായമായ ഒരുകുട്ടി സ്വന്തം വിദ്യാഭ്യാസകാര്യത്തില്‍ എടുക്കുന്ന തീരുമാനത്തിനെ അത് രക്ഷിതാവിന്റെയോ സമൂഹത്തിന്റേയോ പ്രതീക്ഷകള്‍ക്കൊത്തല്ല എന്ന കാരണംകൊണ്ട് എതിര്‍ക്കരുത്. അങ്ങനെ എതിര്‍ക്കുകയും, “സ്വന്തം മക്കളെപ്പോലും മര്യാദയ്ക്കു നിര്‍ത്താനറിയാത്തവര്‍” എന്ന് രക്ഷിതാക്കളെ പഴിപറയുകയും ചെയ്യുന്നവര്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലുമാണ് തലയിടുന്നതെന്നു ചിന്തിക്കുകപോലും ചെയ്യാതെയാണ് വിധിയെഴുതുന്നത്. സ്വന്തമായൊരഭിപ്രായവും, ലക്ഷ്യവുമുണ്ടായിപ്പോയതിനാല്‍ പഴികേള്‍ക്കേണ്ടിവരുന്നവരുന്നവരാണ് ആ കുട്ടികള്‍. സ്വന്തം കരിയറും ജീവിതവും എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയേയും പ്രാപ്തമാക്കുകയാണു വേണ്ടതെന്നു പറയുന്ന സമൂഹം തന്നെയാണിത്തരത്തിലും വിലയിരുത്തന്നത്. ഇത് പലപ്പോഴും സ്വന്തം ആഗ്രഹങ്ങളുടെ മുകളില്‍ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകളെ പ്രതിഷ്ഠിക്കാനാണ് കുട്ടികളെ പ്രേരിപ്പിക്കുന്നത്. തങ്ങളെ തുറിച്ചുനോക്കുകയും മുറുമുറുക്കയും ചെയ്യുന്നവരെ അവഗണിക്കാന്‍ കഴിയാത്ത ഓരോ വിദ്യാര്‍ത്ഥിയും ഈ സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടാവണം. സ്വന്തം കുട്ടിയെ അവനിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനനുവദിച്ച മാതാപിതാക്കളും ഏതാണ്ടിതേതോതില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടാവണം.

ഇത്രയൊക്കെ ഒരാളുടെ സ്വകാര്യതയില്‍ ഇടപെടുന്ന സമൂഹം തന്നെ, ഇരട്ടത്താപ്പുകാണിക്കുന്നതും സ്വാഭാവികം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ “ഔട്ട് ഓഫ് ദ ബോക്സ്” ചിന്തിക്കാത്തവരാണെന്നും, “ക്നോളെജ് ജെനറേഷന്‍ പ്രോസസ്സി”ല്‍ ഇടപെടാന്‍ താത്പര്യമില്ലാത്തവരാണെന്നും വിധിയെഴുതും. വിദ്യാഭ്യാസത്തില്‍ പാശ്ചാത്യരീതികളും പ്രക്രിയകളും പിന്തുടര്‍ന്നാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നു കരുതുന്ന ബുദ്ധിജീവിസമൂഹം, സമാനസാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ രണ്ടിടത്തും വേറെയാണെന്നു സൌകര്യപൂര്‍വ്വം മറക്കുന്നു. മറക്കാത്തവര്‍ പരീക്ഷകള്‍ കുറച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള സാഹചര്യം ഒരുക്കിയും സമ്മര്‍ദ്ദം കുറയ്ക്കാം എന്ന ചിന്തയാണ് വച്ചുപുലര്‍ത്തുന്നത്. ഇത്തരം പരിഷ്കാരങ്ങളെ നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന ഫലങ്ങള്‍ പലപ്പോഴും വിപരീതമാണെന്നു മാത്രം.

പാശ്ചാത്യ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ലഭിക്കുന്ന “റൈറ്റിങ് ഓണ്‍ ഫ്രീ സ്ലേറ്റ് എക്സ്പീരിയന്‍സ്” മധ്യ വര്‍ഗ്ഗ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്തതാണ്. ഇത്തരത്തില്‍ കുട്ടികളെ പഠിപ്പിച്ചു കൊണ്ടുവരുന്ന സമൂഹം, സ്വതന്ത്രമായ ചിന്തിക്കാനുള്ള കഴിവുതന്നെ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും പറിച്ചുമാറ്റുന്നു. എന്നിട്ടും നന്നാവാത്തവരുടെ മുകളിലാണ് മേല്‍പ്പറഞ്ഞരീതിയിലുള്ള കുതിരകയറ്റം. ഇത്രയ്ക്കും ഇടുങ്ങിയ ചട്ടക്കൂടുകളില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന വിദ്യാര്‍ത്ഥികള്‍ യാഥാസ്ഥിതികരീതികളുടെ പുറത്തേയ്ക്കു നോക്കാന്‍ പോലും അശക്തരാവുന്ന അവസ്ഥയാണുണ്ടാവുന്നത്. ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സാമൂഹ്യസാഹചര്യങ്ങളിലൂടെ കടന്നു വരുന്ന വിദ്യാര്‍ത്ഥി, യാതൊരു സാമൂഹ്യബോധമോ, ബാധ്യതയോ വികാരങ്ങളോ ഇല്ലാത്തയാളാവുന്നു. തന്റെ ലോകം തന്നിലേക്കു ചുരുക്കുകയും, സഹജീവികളെ മാനിക്കാനോ മനസ്സിലാക്കാനോ കഴിയാതിരിക്കുകയും ചെയ്യുന്ന പൌരനായി മാറുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കേരളത്തിലെ സമൂഹം ഇന്നു നേരിടുന്ന തകര്‍ച്ചയ്ക്കും ഒരു പ്രധാന പങ്ക്, മേല്‍പ്പറഞ്ഞ സാമൂഹ്യ സാഹചര്യങ്ങള്‍ക്കാണ്.

ഇനി ഇതും സെബിന്റെ ലേഖനവും തമ്മിലെന്താണെന്നു ബന്ധം എന്നു ചോദിച്ചാലൊന്നുമില്ല, സമൂഹത്തിന്റെ മുന്‍വിധികള്‍ എങ്ങനെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കടന്നു കയറുന്നു എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

ഈ ബ്ലോഗിലെ മലയാളം ലളിത ഉപയോഗിച്ച് എഴുതിയതാണ്…

Advertisements

നന്ദി മൈക്രോസോഫ്റ്റ്…. നന്ദി മമ്മൂട്ടി….

April 18, 2008

മൈക്രോസോഫ്റ്റും മമ്മൂട്ടിയും e-literacy പരിപാടിയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ആലോചിക്കുന്നു. സാമൂഹ്യബോധത്തിന്റെ പേരില്‍ കൊക്കൊകോള പരസ്യത്തില്‍ നിന്നു പിന്‍വാങ്ങാന്‍ ധൈര്യം കാണിച്ച മമ്മൂട്ടി, സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നു കരുതുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്നും, അത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കുമപ്പുറം, അറിവിന്റെ സ്വാതന്ത്ര്യത്തോടെയെ സാധ്യമാവൂ എന്നും നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

ആധുനികലോകത്തെ അറിവിന്റെ രൂപമായ വിവരസാങ്കേതികവിദ്യയില്‍, വിവരവും വിദ്യയും സങ്കേതവും സമൂഹത്തില്‍ നിന്നും അകറ്റി, വാണിജ്യവല്‍ക്കരണത്തിനും വിപണത്തിനും ശ്രമിക്കുന്ന കുത്തകളുമായി കൈകോര്‍ത്ത് എല്ലാ ജനവിഭാഗങ്ങളെയും സാക്ഷരരാക്കാന്‍ കഴിയില്ല. പകരം സമൂഹത്തെ ഒന്നടങ്കം ചില വമ്പന്‍മാര്‍ക്കു വിധേയരായി നിര്‍ത്താനെ അതുപകരിക്കൂ. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടത്, സാമൂഹ്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്വതന്ത്ര സോഫ്റ്റ്‌വേറുകളാണ്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനാവശ്യമായ, പങ്കുവയ്ക്കലിന്റെയും പഠനത്തിന്റെയും പരിഷ്കരണത്തിന്റെയും പാഠങ്ങള്‍ ഉറപ്പാക്കുന്ന സ്വതന്ത്ര സങ്കേതങ്ങളേക്കാള്‍ മറ്റു സങ്കേതങ്ങള്‍ എങ്ങനെ സാമൂഹ്യ ഉന്നമനത്തിന് സഹായകമാവും? അറിവിനെപ്പോലും വിപണിയിലെ ആയുധമാക്കുന്ന വൃത്തികെട്ട വില്‍പ്പനതന്ത്രങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് സമൂഹമാണ്. സാമൂഹ്യ വികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരുപറഞ്ഞ്, ജനങ്ങളെ ഒന്നടങ്കം തങ്ങളുടെ അടിമകളാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി പൊതുസമൂഹം ചെറുത്തു തോല്‍പ്പിക്കണം. സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തികളേയും സ്ഥാപനങ്ങളെയും കൂട്ടുപിടിക്കാനുള്ള കുത്സിതശ്രമത്തെ തകര്‍ക്കുകയും വേണം.

നേര്‍ക്കുനേര്‍ നിന്നുള്ള വിപണി യുദ്ധത്തില്‍ കാലിടറിത്തുടങ്ങിയതും മത്സരത്തിന്റെ ആധിക്യവുമാണ്, standardizationന്റെയും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെയും രൂപത്തിലേക്ക് വില്‍പ്പനതന്ത്രങ്ങളെ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്നത്. സമൂഹത്തെ സൌജന്യ വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യത്തില്‍ നിന്നകറ്റാനുള്ള ശ്രമമാണ് ഇത്തരം സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ നടത്തുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത്, നമ്മളോരോരുത്തരുമടങ്ങുന്ന സമൂഹമാണ്.

പ്രതികരിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത്, ഈ കത്തിലൊരൊപ്പിട്ട് തുടങ്ങൂ. സ്വാതന്ത്ര്യത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വീണ്ടുമൊരവസരം തന്നതിന് മൈക്രോസോഫ്റ്റിനും മമ്മൂട്ടിക്കും നന്ദി.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്…

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം

January 24, 2008

സന്തോഷിന്റെ നടന്ന ചര്‍ച്ചയോടും, അനിവറിന്റെവിശകലനത്തോടും ചേര്‍ത്തു വായിക്കാന്‍ എന്റെ ചില നിരീക്ഷണങ്ങള്‍.

എനിക്ക് പൈറേറ്റ്(pirate-കടല്‍കൊള്ളക്കാരന്‍) എന്നുപയോഗിക്കുന്നതിനോടുതന്നെ എതിര്‍പ്പാണ്. pirates of silicon valley എന്ന ചലചിത്രം തുറന്നു കാട്ടുന്ന കൊള്ളക്കാരുടെ ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുകാലിലും മന്തുള്ളവന്‍ ഒരു കാലിലുള്ളവനെ ‘മന്താ’ എന്നു വിളിക്കുന്നതിലെ സുഖമില്ലായ്മ അനുഭവപ്പെടുന്നു. ആ വാക്കിന്റെ നിര്‍വചനത്തില്‍‌പ്പെടാത്ത എത്ര പേരുണ്ടെന്നതും അതുപയോഗിക്കുമ്പോള്‍ ആലോചിക്കണം. ‘പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ’ എന്നു തീരുമാനിച്ചു നടപ്പാക്കിയാല്‍ അവശേഷിക്കുന്ന ജനക്കൂട്ടം നാമമാത്രമായിരിക്കും.

വില കുറഞ്ഞ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളൂം അടവു നയങ്ങളൂം ഉപയോഗിച്ച് സ്വന്തം പ്രോഡക്ട് വാങ്ങാന്‍ നിര്‍ബന്ധിക്കുകയും, തലതിരിഞ്ഞ കരാറുകളിലൂടെയും അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയും ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും ചെയ്യുന്നു എന്നതാണ് മൈക്രോസോഫ്റ്റും മറ്റനേകം കുത്തകകളും ചെയ്യുന്ന ആദ്യ criminal offense(ഒരു ചെറിയ കൈകടത്തലിന്റെ ഉദാഹരണം). അതാരും വലിയ പ്രശ്നമായിക്കാണുന്നില്ല(കാണാറില്ല), എല്ലാവരും പറയും അത് വെന്‍ഡറുടെ സ്വാതന്ത്ര്യം എന്ന്. വെന്‍ഡര്‍ എടക്കുന്ന സ്വാതന്ത്ര്യം ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ ചവിട്ടി അലറിവിളിച്ചാണ് എന്ന് ആരും പ്രശ്നമായിക്കാണാറില്ല. വിപണിയില്‍ വെന്‍ഡര്‍ക്കല്ലല്ലോ കസ്റ്റമര്‍ക്കല്ലെ സ്വാതന്ത്ര്യം വേണ്ടത് എന്ന ചോദ്യം പലര്‍ക്കും രസിക്കാറുപോലുമില്ല.

പകരം, ഡ്രൈവറുകളും മറ്റു ഹാര്‍ഡ്‌വെയര്‍ സപ്പോര്‍ട്ട് സങ്കേതങ്ങളും നല്‍കേണ്ടുന്ന വെന്‍ഡര്‍ അതു നല്‍കുന്നില്ലെങ്കില്‍ അതിന് വിഘാതം യൂസര്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യമാണെന്നു വരെ പറഞ്ഞു കളയും. നൂറും ഇരുനൂറും നാലായിരവും അയ്യായിരവും ലക്ഷങ്ങളും കൊടുത്തു വാങ്ങുന്ന ഉപകരണങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിസ്റ്റത്തില്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം വെന്‍ഡര്‍ തരാത്തതെന്ത് എന്നു ചിന്തിക്കാതെ, നമുക്ക് അവശ്യമായ സ്വതന്ത്ര്യത്തെക്കുറിച്ച് ബോധവാനാവാതെ, സോഫ്റ്റ്‌വെയറില്‍ സാധാരണക്കാരന് എന്തിന് സ്വാതന്ത്ര്യം എന്ന് ചോദിക്കുകയും മൈക്രോസോഫ്റ്റിനും മറ്റു കുത്തകകള്‍ക്കും അവരുടെ വഴി എന്നു പറയുകയും ചെയ്യുന്നത് എനിക്ക് പിടികിട്ടുന്നില്ല. അതും ഇപ്പറയുന്ന സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ വളരെ എളുപ്പമുള്ള സങ്കേതങ്ങളാണെന്നു വരുമ്പോള്‍(പലരും സ്വതന്ത്ര സോഫ്റ്റ്‌വെയറായി ഡ്രൈവറുകള്‍ തരാത്തത് അവരുപയോഗിക്കുന്ന എതിരാളി പേറ്റന്റ് ചെയ്ത സങ്കേതം തിരിച്ചറിയപ്പെടുമെന്നുള്ളതു കൊണ്ടാണത്രേ.). സ്വാതന്ത്ര്യത്തിന്റെ ആവശ്യത്തെപ്പറ്റി ചോദിച്ചാല്‍ (മലയാള പരിഭാഷ ഉടന്‍ തന്നെ ലഭ്യമാകും, ഇവിടെ നടന്ന പരിശോധനയില്‍ പരിഭാഷയുടെ പൂര്‍ണ്ണരൂപം ഉണ്ട്) ലേഖനത്തില്‍ RMS വിവരിക്കുന്ന കാലം വിദൂരമല്ലെന്ന് നിയമങ്ങളുടെ ഊരാക്കുടുക്കുകള്‍ വ്യക്തമായി അറിയാവുന്നവര്‍ക്ക് മനസ്സിലാവും. ഇത്തരം ഒരു അവസ്ഥ സംജാതമാക്കാന്‍ മാത്രം പ്രശ്നമുള്ള കരാറുകളാണ്, നാം ഓരോ തവണയും EULA യില്‍ I Agree അമര്‍ത്തുമ്പോള്‍ ഒപ്പു വയ്ക്കുന്നത്. നിയമങ്ങള്‍ വ്യക്തമായി നടപ്പാക്കണം എന്ന് പറയുന്നവര്‍ എത്ര പ്രാവശ്യം ഈ കരാറുകള്‍ ലംഘിച്ചിട്ടുണ്ട് എന്ന് ആലോചിക്കുക. സ്വാതന്ത്ര്യത്തിന്റെ വില തിരിച്ചറിയാന്‍ അതുമതിയാവും.

“യൂസര്‍ ഫ്രന്റ്‌ലിനസ്സ്” എന്ന പദം പലപ്പോഴും ഒരു പ്രധാന പ്രശ്നമാണ്. ഉപയോഗിക്കാനുള്ള നിര്‍‌ദ്ദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ കുറച്ചു കാലം വരെ സ്വതന്ത്ര സങ്കേതങ്ങള്‍ പിന്നിലായിരുന്നു. എന്നാല്‍ ഇന്ന് ബ്ലോഗുകളും മറ്റു സ്വതന്ത്രമാധ്യമങ്ങളും ഒരു google തിരച്ചിലിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. ഉപയോക്താവിന് കുത്തകളില്‍ നിന്നോ സ്വതന്ത്ര സങ്കേതങ്ങളില്‍ നിന്നോ ഏതു വേണമെങ്കിലും എടുക്കാം. പക്ഷേ നമ്മള്‍ വായിക്കാതെ വിടുന്ന രണ്ടു കൂട്ടരുടെയും പരമപ്രധാനമായ അനുമതിപത്രവും പകര്‍പ്പകാശവും വായിച്ച് മനസ്സിലാക്കി വേണമെന്ന് മാത്രം. ഇപ്പോഴും ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ മടി കാണിക്കുന്ന വെന്‍ഡറെ അതിനു നിര്‍ബന്ധിക്കുകയാണ് നമുക്ക് ചെയ്യാവുന്ന എളുപ്പമുള്ള കാര്യം.

മൈക്രോസോഫ്റ്റിനെ എതിരിടുകയല്ല, മറിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുകയാണ് Free Software Foundation ചെയ്യുന്നതെന്നു വ്യക്തമാക്കിയ ഒരു ലേഖനത്തിലെ കമന്റുകള്‍ മുഴുവന്‍ മൈക്രോസോഫ്റ്റിനെയും ആന്റിപൈറസി റെയ്ഡിനേയും ചുറ്റിപ്പറ്റിയായതില്‍ എനിക്ക് ഇപ്പോഴും അത്ഭുതമുണ്ട്. അതും പല നല്ല ചര്‍ച്ചകളിലും പങ്കെടുത്തു കണ്ട മുഖങ്ങളാവുമ്പോള്‍.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്…

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: ചില നിരീക്ഷണങ്ങള്‍

November 3, 2007

സിബുവിന്റെ ഒരു പോസ്റ്റും, അവിടുത്തെ കമന്റുകളും, സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു.

സോഴ്സ് ഉപയോഗിച്ച് പുതിയ സങ്കേതങ്ങള്‍ രൂപപ്പെടുത്തുന്നത് സോഫ്റ്റ്‌വെയറിനെ സാങ്കേതികമായി സമീപിക്കുന്നവരുടെ ആവശ്യമാണ്. എനിക്കറിയാവുന്നിടത്തോളം സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ ഒരു ചെറിയ ശതമാനമേ ഇത്തരത്തിലുള്ളവരുള്ളൂ. ഇന്നത്തെ വലിയൊരു ശതമാനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളും,അതിന്റെ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ് ഉപയോഗിച്ച് തുടങ്ങിയവരാണ്.

സാധാരണ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പ്രോഡക്ടിനെ മാത്രം ആശ്രയിക്കുന്നവരാണ്. അവര്‍ അതിന്റെ സര്‍വ്വീസ് മാത്രമാണ് ഉപയോഗിക്കുന്നത്, അതിന് ആവശ്യമായ സപ്പോര്‍ട്ടാണ് അപ്പോളവിടെ വലിയ പ്രോഡക്ട്. അതു നല്‍കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അനുവദിക്കുന്നുമുണ്ട്. പണം വാങ്ങരുതെന്ന് എനിക്കറിയാവുന്നിടത്തോളം എവിടെയും പറയുന്നുമില്ല.മാത്രവുമല്ല, പരിപൂര്‍ണ്ണസ്വാതന്ത്ര്യം ഉപയോക്താവിന് നല്‍കുന്നുമുണ്ട്. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താന്‍ അനിവദിക്കുന്നുമില്ല.

പിന്നെ ഞാന്‍ കണ്ടുപിടിച്ച സങ്കേതം ഞാന്‍ മാത്രമേ സര്‍വ്വീസ് ചെയ്യൂ എന്നും അവിടെ എനിക്ക് മോണോപ്പോളി വേണം എന്നുമുള്ള വാദങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തള്ളിക്കളയുന്നു. “തുറന്ന” വിപണിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായി ഉപയോക്താക്കളെ മാറ്റുന്നു. ഗവേഷണങ്ങളെ സ്വതന്ത്രമായ രീതിയില്‍ collaborative development ആക്കി മാറ്റാന്‍ ശ്രമിക്കുന്നു.

കൊടുംലാഭം ഇവിടെ ആര്‍ക്കൂം പ്രതീക്ഷിക്കാനാവില്ല, ശരിയാണ്, മാത്രമല്ല, മത്സരം കടുക്കുന്നതിനാല്‍ സപ്പോര്‍ട്ടെന്നാല്‍ input കുറച്ച് output കൂട്ടുന്ന രീതിയാക്കാനും കഴിയില്ല. ഇന്നത്തെ വിപണിയിലെ കൊടും ലാഭത്തിന്റെ കുതിപ്പ് ഉണ്ടാവില്ല, പക്ഷെ മാന്യമായ ലാഭം കഴിവുള്ളവന് ലഭിക്കും. വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ വേണ്ടിവരും, സാങ്കേതിക വിദ്യ വെളിവാക്കേണ്ടതിനാല്‍ സ്വതന്ത്ര ഗവേഷണം നടത്തേണ്ടി വരും, ഉപയോക്താവ് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിനാല്‍ ഒളിച്ചുകളി നടപ്പില്ല. അതികൊണ്ടുതന്നെ, ഗവേഷണങ്ങള്‍ തുല്യശക്തികളുടെ collaborative attempt ആയിമാറുന്നു. പ്രോഡക്ട് നന്നാവുന്നു.

സാമ്പത്തികമായി ലാഭം ഉണ്ടാക്കാം കൊള്ള നടത്താന്‍ കഴിയില്ല. ഇങ്ങനെയാണ് എനിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് തോന്നിയിട്ടുള്ളത്. എല്ലാ രീതിയിലും സ്വതന്ത്രമായി സോഫ്റ്റ്‌‌വെയര്‍ ഉപയോഗിക്കുന്ന കാലം വരില്ല എന്ന് പറയാനാവില്ല, പക്ഷെ ഉപയോക്താവ് അവകാശങ്ങളെക്കുറിച്ച് ബോധവാനാവാത്തിടത്തോളം ഉണ്ടാവില്ല എന്നു പറയാം.

ഇതൊക്കെ ഇക്കാലത്തു നടക്കുമോ, ഉപയോക്താവു സ്വാതന്ത്ര്യത്തെ തിരിച്ചറിയുമോ, എന്നൊക്കെ ചോദിച്ചാല്‍, ഈ ഉപയോക്താവ് എന്നു പറയുന്ന ആള്‍ നമ്മളോരോരുത്തരുമാണെന്നും, ആവശ്യം നമ്മുടേതാണെന്നും മനസ്സിലാക്കുക. മനസ്സിലാക്കിയത് രണ്ടുപേരോടുകൂടിപ്പറയുക, പ്രവര്‍ത്തിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആകാവുന്ന സഹായം ചെയ്യുക. ലോകത്തില്‍ ഒരാശയവും പടര്‍ന്ന് പന്തലിച്ചത് ഒരു ദിവസം കൊണ്ടല്ല എന്നോര്‍ക്കുക.

ഇവിടെ ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചത്, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം ഉപയോക്താവ് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ എന്തു സംഭവിക്കാം എന്നാണ്. അതു തിരിച്ചറിഞ്ഞു കഴിഞ്ഞ കമ്പനി ഉടമയുടെ വാക്കുകള്‍ പ്രവീണിന്റെ പരിഭാഷയില്‍ ഇവിടെ വായിക്കൂ.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നന്മയും ഗുണവും തിരിച്ചറിയുന്നവര്‍ അത് മറ്റുള്ളവരെക്കൂടി മനസ്സിലാക്കാനും തിരിച്ചറിയിക്കാനും ശ്രമിക്കണം എന്നാണ്, എന്റെ അഭിപ്രായം. എല്ലാ സഹയാത്രികരുടെയും സഹകരണങ്ങള്‍ക്കഭ്യര്‍ത്ഥിച്ചുകൊണ്ട്.

കൂടുതല്‍ അഭിപ്രായങ്ങളൂം നിര്‍‌ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

ഈ ബ്ലോഗിലെ മലയാളം ലളിതയും ഇന്സ്ക്രിപ്റ്റും ഉപയോഗിച്ച് എഴുതിയതാണ്…